17-April-2023 -
By. health desk
തിരുവനന്തപുരം: വെട്ടേറ്റ് കൈപ്പത്തി അറ്റുപോയ നിലയില്‍ തിരുവനന്തപുരം കിംസ്ഹെല്ത്തിലെത്തിയ 30 വയസ്സുകാരനായ യുവാവിന്റെ കൈപ്പത്തി തുന്നിച്ചേര്‍ത്തു. കൈപ്പത്തിയിലെ പരുക്കിന് പുറമെ തലച്ചോറില്‍ അനിയന്ത്രിതമായി രക്തം കട്ട പിടിച്ചത് യുവാവിന്റെ ജീവന് തന്നെ അപകടത്തിലാക്കുകയായിരുന്നു. വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ എട്ട് മണിക്കൂറിലധികം നീണ്ടുനിന്ന തലച്ചോറിലെ ശസ്ത്രക്രിയയ്ക്കും ഹാന്‍ഡ് ആന്‍ഡ് മൈക്രോവാസ്കുലാര്‍ ശസ്ത്രക്രിയയ്ക്കുമൊടുവില് തലച്ചോറില്‍ രക്തം കട്ടപിടിക്കുന്നത് നിയന്ത്രിച്ച് യുവാവിന്റെ കൈപ്പത്തി തുന്നിച്ചേര്‍ക്കുകയായിരുന്നു. അപകടം നടന്ന് 16 മണിക്കൂര്‍ കഴിഞ്ഞിട്ടും മെഡിക്കല്‍ സംഘത്തിന്റെ സമയോചിതമായ ഇടപെടലിലൂടെയാണ് യുവാവിന് സാധാരണ ജീവിതത്തിലേക്ക് മടങ്ങാനായത്.പ്രാദേശിക സംഘര്‍ഷത്തില്‍ ആളുമാറി യുവാവിന് വെട്ടേല്‍ക്കുകയായിരുന്നു. രോഗി ആശുപത്രിയിലെത്തിയപ്പോള്‍ തന്നെ എട്ട് മണിക്കൂറുകള്‍ പിന്നിട്ടിരുന്നു, സാധാരണയായി ഇത്തരത്തില്‍ വിച്ഛേദിക്കപ്പെട്ട അവയവങ്ങള്‍ 6 മണിക്കൂറിനുള്ളില്‍ (ഗോള്‍ഡന്‍ ടൈം പീരീഡ്) തന്നെ തുന്നിച്ചേര്‍ക്കേണ്ടതുണ്ട്. ഇതുകൂടാതെ തലച്ചോറിലേറ്റ ഗുരുതര പരുക്ക് കൈപ്പത്തി തുന്നി ചേര്‍ക്കുന്നതിനുള്ള ശസ്ത്രക്രിയ വീണ്ടും വൈകുന്നതിനും കാരണമായി.
തലയോട്ടി തകര്‍ന്ന് തലച്ചോറിലേക്ക് തറച്ചിരിക്കുന്ന അവസ്ഥയിലായിരുന്നതിനാല്‍ രോഗിയെ അടിയന്തരമായി ന്യൂറോസര്ജ്ജറിക്ക് വിധേയമാക്കുകയും ഒന്നര മണിക്കൂറിനുള്ളില്‍ തലയോട്ടിയിലെ തകര്‍ന്ന അസ്ഥികള്‍ നീക്കം ചെയ്ത് ടൈറ്റാനിയം മിനി പ്ലേറ്റ് ഉപയോഗിച്ച് രക്തസ്രാവം പൂര്‍ണമായും നിയന്ത്രണവിധേയമാക്കുകയായിരുന്നുവെന്ന് ന്യൂറോസര്‍ജറി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.അജിത് ആര്. പറഞ്ഞു. അതേസമയം മറ്റൊരു ഓപ്പറേഷന് തിയേറ്ററില്‍ വേര്‍പെട്ടു പോയ കൈപ്പത്തി തുന്നിച്ചേര്‍ക്കുന്നതിനുള്ള ഒരുക്കങ്ങളും ആരംഭിച്ചു. തലച്ചോറിലെ ശസ്ത്രക്രിയ പൂര്‍ത്തിയായ ഉടന്‍ തന്നെ ഹാന്‍ഡ് ആന്‍ഡ് മൈക്രോവാസ്കുലാര്‍ സര്‍ജ്ജനും സീനിയര്‍ കണ്സല്ട്ടന്റുമായ ഡോ. മനോജ് ഹരിദാസിന്റെ നേതൃത്വത്തില്‍ കൈപ്പത്തി തിരികെ തുന്നി ചേര്‍ക്കാനുള്ള ശസ്ത്രക്രിയാനടപടികള് ആരംഭിച്ചു. ഹാന്‍ഡ് ആന്‍ഡ് മൈക്രോവാസ്കുലാര്‍ ഡോക്ടര്‍മാരോടൊപ്പം അനസ്തേഷ്യ വിഭാഗം ഡോക്ടര്‍മാരായ ഡോ. ഷേര്‍ലി ജോണ്‍, ഡോ. വല്ലി എന്നിവരും നിര്‍ണായക ശസ്ത്രക്രിയയിലൂടെയാണ് ഞരമ്പുകളും അസ്ഥികളുമെല്ലാം തുന്നിച്ചേര്‍ത്ത് കൈപ്പത്തി പൂര്വസ്ഥിതിയിലാക്കിയതില് സുപ്രധാന പങ്കുവഹിച്ചു.
അസ്ഥികള്‍ കമ്പിയിട്ട് ഉറപ്പിച്ചശേഷം ഞരമ്പുകളും അറ്റുപോയ രക്തക്കുഴലുകളും മറ്റു സൂക്ഷ്മ നാഡികളുമെല്ലാം തുന്നിച്ചേര്‍ത്ത് രക്തയോട്ടം പൂര്‍വസ്ഥിതിയിലാക്കുകയായിരുന്നു. തുടര്‍ന്ന് ഓര്‍ത്തോപീഡിക് സര്‍ജിക്കല്‍ സംഘത്തിന്റെ നേത്രത്വത്തില്‍ യുവാവിന്റെ കാലിലെ ഒടിവുകള്‍ക്കുള്ള ചികിത്സകളും ആരംഭിച്ചു.രക്തപരിശോധനകള്‍ക്കും ശസ്ത്രക്രിയയ്ക്ക് മുന്‍പായി രോഗിയെ മേജര്‍ അനസ്തേഷ്യയ്ക്കടക്കം തയ്യാറെടുപ്പിക്കേണ്ടതുമായ 6 മണിക്കൂര്‍ നീണ്ട ഫാസ്റ്റിംഗ് പ്രോട്ടോക്കോളുകള്‍ക്കും ശേഷം മൈക്രോവാസ്കുലര്‍ ശസ്ത്രക്രിയ ആരംഭിക്കുമ്പോഴേക്കും ഏകദേശം 12 മണിക്കൂര്‍ കഴിഞ്ഞിരുന്നു. തള്ള വിരല്‍ മരവിച്ചിരുന്നിട്ടും 16 മണിക്കൂറിന് ശേഷം രക്തയോട്ടം പുനഃസ്ഥാപിച്ച് കൈപ്പത്തി വിജയകരമായി തുന്നിച്ചേര്‍ക്കാന്‍ സാധിച്ചത് മൈക്രോവാസ്കുലാര്‍ ശസ്ത്രക്രിയയില്‍ തന്നെ അപൂര്വ്വനേട്ടമാണെന്നും ഹാന്‍ഡ് ഫിസിയോതെറാപ്പിയുടെ സഹായത്തോടെ മൂന്ന് മുതല്‍ നാല് മാസത്തിനുള്ളില്‍ ചലനശേഷി വീണ്ടെടുക്കാമെന്നും ഡോ. മനോജ് ഹരിദാസ് പറഞ്ഞു. ന്യൂറോ സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. അജിത് ആര്, കണ്‍സള്‍ട്ടന്റ് ന്യൂറോ സര്ജന്മാരായ ഡോ. അബു മദന്‍, ഡോ. നവാസ് എന്‍.എസ്, ഡോ. ബോബി ഐപ്പ്, ന്യൂറോ അനസ്തെറ്റിസ്റ്റ് ഡോ. സുശാന്ത് ബി. എന്നിവര്‍ ന്യൂറോ സര്‍ജിക്കല്‍ പ്രക്രിയയുടെ ഭാഗമായി.